
ടിവികെ (തമിഴ്നാട് വെട്രി കഴകം) അധ്യക്ഷനും നടനുമായ വിജയ്യുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിക്കിടെ ആയിരുന്നു സംഭവം. അപകടത്തിൽ ആറുപേര്‍ക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്.
വിജയ്യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തലയ്ക്ക് പരുക്കേറ്റ വിഘ്നേഷ് എന്ന യുവാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. വിജയ്യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനങ്ങള്‍ അപകടത്തിൽപ്പെട്ടത്. വിജയ്യുടെ കാറിനെ ഇരുചക്ര വാഹനങ്ങളിലാണ് ഇവര്‍ പിന്തുടര്ന്നത്. ഇതിനിടെ നിയന്ത്രണം വിടുകയും മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. അപകടം നടന്നയുടൻ പരിക്കേറ്റവരെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.




