NationalNews

ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങാൻ സാധ്യത; ആഭ്യന്തര സർവീസുകൾ പുനഃസ്ഥാപിച്ചിട്ടില്ല

തുടർച്ചയായ ഏഴാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങാൻ സാധ്യത. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് അടക്കമുള്ള ആഭ്യന്തര സർവീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളിൽ 80 ശതമാനത്തിനു മുകളിൽ സർവീസുകൾ പ്രവർത്തനം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി.

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം വിഷയം പാർലമെന്റിൽ അടക്കം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം മറ്റ്‌ വ്യോമയാന കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടിയത്‌ പ്രതിസന്ധി ഇരട്ടിയാക്കിയതും യാത്രക്കാർക്ക് തിരിച്ചടിയായി. സാഹചര്യം മുതലെടുത്ത്‌ മറ്റ്‌ കമ്പനികൾ എല്ലാ സീമയും ലംഘിച്ച്‌ ടിക്കറ്റുനിരക്ക്‌ വർധിപ്പിച്ചതോടെ ആകാശക്കൊള്ളയാണ്‌ അരങ്ങേറിയത്‌.

തുടർന്നാണ്‌ മന്ത്രാലയം ഇടപെട്ടത്‌. 500 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്ക്‌ 7,500 രൂ‍പ, 500–1000 വരെ 12,000 ര‍ൂപ, 1,000–1,500 വരെ 15,000 രൂപ, 1,500ന്‌ മുകളിലുള്ള ടിക്കറ്റുകൾക്ക്‌ 18,000 രൂപ എന്നിങ്ങനെ പരിധി നിശ്ചയിച്ചു. പ്രതിസന്ധിയിലായ റൂട്ടുകളിലാണ്‌ ഇത്‌ ബാധകമാകുക. സർക്കാർ പരിധി നിശ്ചയിച്ചെങ്കിലും ഇപ്പോഴും പൂർണമായി നടപ്പിലായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button