
പ്രധാനമന്ത്രിയുടെ ആർഎസ്എസ് പരാമർശ പ്രസംഗത്തെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ. സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കുവഹിക്കാത്ത ആർ എസ് എസിനെ നിയമവിധേയമാക്കാനാണ് മോദിയുടെ ശ്രമം. ജി എസ് ടി നിരക്ക് കുറക്കുന്നതിലെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണം. വരുമാന നഷ്ടത്തിന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പി ബി അഭിപ്രായപ്പെട്ടു.
വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടന ലംഘനമാണ്. പരിഷ്കരണത്തിൽ കേന്ദ്രം രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചന നടത്തിയില്ല. പട്ടികയിൽ നിന്ന് പുറത്താക്കാനാണ് നിശ്ചിത രേഖകൾ മാത്രം സമർപ്പിക്കാൻ കമ്മീഷൻ നിശ്ചയിച്ചത്. വോട്ടവകാശം നിഷേധിക്കപ്പെട്ടവരിൽ കൂടുതൽ പേരും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ്. ജമ്മുകശ്മീർ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രത്തിന് സുരക്ഷ ഉറപ്പ് വരുത്താൻ സാധിച്ചില്ല എന്നും പി ബി നിരീക്ഷിച്ചു. മാലോഗാവ് സ്ഫോടന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും പി ബി വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് പി സുദർശൻ റെഡ്ഡിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പൊളിറ്റ് ബ്യൂറോ അറിയിച്ചു.