
വോട്ടു കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന റാലി ഇന്ന്. ഡൽഹി രാംലീല മൈതാനിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് റാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവർ നേതൃത്വം നൽകും. സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികൾ ആവശ്യപ്പെട്ട് അഞ്ചരകോടി ജനങ്ങളുടെ ഒപ്പ് കോൺഗ്രസ് സമാഹരിച്ചിരുന്നു. പ്രതിഷേധ ഒപ്പുകൾ രാഷ്‌ട്രപതിക്ക് നേരിട്ട് നൽകാനുമുള്ള സമയവും കോൺഗ്രസ് തേടും.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ മുഴുവൻ ഉന്നത നേതൃത്വവും സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ്, സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും.
പരിപാടിക്ക് മുൻപ് പാർട്ടി നേതാക്കൾ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ എത്തും. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ പാർട്ടി രാജ്യവ്യാപകമായി ഏകദേശം 5.5 കോടി ഒപ്പുകൾ ശേഖരിച്ചതായി ജനറൽ സെക്രട്ടറി വേണുഗോപാൽ പറഞ്ഞു. ഒപ്പുകൾക്കൊപ്പം ഒരു മെമ്മോറാണ്ടം സമർപ്പിക്കാനായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ പാർട്ടി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


