NationalNews

‘ഇത് വികസനത്തിന്റെ വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നേടാന്‍ പ്രവര്‍ത്തിച്ച ബിഹാറിലെ ജനതയ്ക്ക് നന്ദി പറയുന്നതായും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ നരേന്ദ്ര മോദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തരെ അഭിസംബോധന ചെയ്യും.

”സദ്ഭരണത്തിന്റെ വിജയം. വികസനത്തിന്റെ വിജയം. പൊതുജനക്ഷേമത്തിന്റെ ആത്മാവ് വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയത്തിലേക്ക് എത്തിച്ച് ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി. മഹത്തായ ജനവിധി ജനങ്ങളെ സേവിക്കാനും ബിഹാറിനായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനും ഞങ്ങളെ പ്രാപ്തരാക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഓരോ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു, വികസന അജണ്ട വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്തു. പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു!

വരും വര്‍ഷങ്ങളിലും ബീഹാറിന്റെ വികസനത്തിനും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, സംസ്ഥാനത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അവസരം ഉറപ്പാക്കും.” എന്നാണ് പ്രധാന മന്ത്രിയുടെ പ്രതികരണം.

243 അംഗ നിയമസഭയില്‍ 200 ല്‍ അധികം സീറ്റുകളില്‍ വിജയം ഉറപ്പിച്ചാണ് എന്‍ഡിഎ തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുന്നത്. 25 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നേറുമ്പോള്‍ പ്രതിപക്ഷ സഖ്യം 32 സീറ്റുകളിലേക്ക് ഒതുങ്ങി. 91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. ഇത്തവണ 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചിരുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ചിരാഗ് പാസ്വാന്റെ ലോക്ജനശക്തിപാര്‍ട്ടി 19 സീറ്റില്‍ ലീഡ് നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button