Kerala

രണ്ടുവയസ്സുകാരിയുടെ മരണം : അമ്മയും അച്ഛനും അമ്മാവനും കസ്റ്റഡിയില്‍

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ആള്‍മറയുള്ള കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.

പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വിവരം. കുട്ടിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ അച്ഛന്റെ അടുത്ത് കിടത്തിയാണ് പോയത്. പുലര്‍ച്ചെ 5.15 ഓടെ കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞു. അതേസമയം അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി.

വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്.

കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ വീട്ടില്‍ പുറത്തു നിന്നാരെങ്കിലും വന്നിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. സമീപ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പൊലീസ് പുറത്തു നിന്നാരും എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞതായി എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. അമ്മാവന്റെ മുറിയിൽ മണ്ണെണ്ണയുടെ ​ഗന്ധമുണ്ടായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരിച്ചിലിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button