Kerala

ഭൂകമ്പം : മ്യാന്‍മറില്‍ മരണസംഖ്യ ഉയരുന്നു; 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്

മ്യാന്‍മറില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മ്യാന്‍മറിലെ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിയെ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നാണ് വിവരം. സ്യൂചി ജയിലില്‍ സുരക്ഷിതയാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഭൂകമ്പത്തില്‍ വിറങ്ങലിച്ച മ്യാന്‍മറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. മ്യാന്‍മറിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു. മ്യാന്‍മറിനെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ മ്യാന്‍മറിനൊപ്പം നില്‍ക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.

പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിന് സമീരമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ തന്നെയാണ് തായ്‌ലന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പമുണ്ടാകുന്നത്. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിന്റെ ഭീതിതമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button