പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം; ശ്വേത മേനോൻ

നടിയെ അക്രമിച്ച കേസിൽ എല്ലാ കാലത്തും അതിജീവിതക്കൊപ്പമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
കഴിഞ്ഞദിവസം നടന്നത് അടിയന്തരമായി ചേർന്ന യോഗമല്ലെന്നും മൂന്നാഴ്ച തീരുമാനിച്ചിരുന്ന യോഗമാണ് നടന്നതെന്നും ശ്വേത മേനോൻ പറഞ്ഞു. ദിലീപ് അമ്മയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും ദിലീപ് ഇപ്പോൾ അംഗമല്ലെന്നും ശ്വേത പറഞ്ഞു. അതേസമയം നടിയെ അക്രമിച്ച കേസിലെ കോടതി വിധിയിൽ അമ്മ പ്രതികരിക്കാൻ വൈകി എന്ന ബാബുരാജിന്റെ വിമർശനത്തിന് മറുപടിയുമായി ശ്വേത മേനോൻ രംഗത്തെത്തി. സംഘടനാകാര്യം അറിയാത്ത ആളല്ലല്ലോ ബാബുരാജ് എന്നായിരുന്നു പ്രതികരണം.
വിധിയിൽ എടുത്ത് ചാടി പ്രതികരിക്കാൻ കഴിയില്ലെന്ന് ബാബു രാജിന് അറിയാം. സംഘടനയ്ക്ക് സംഘടനയുടേതായ ഘട്ടങ്ങളുണ്ട്. നിയമവിദഗ്ദരുമായി ആലോചിക്കേണ്ടതുണ്ട്. ഇതൊന്നും കുട്ടിക്കളിയൊന്നുമല്ലല്ലോ എന്ന് ശ്വേത പറഞ്ഞു. സർക്കാർ അതിജീവിതയ്ക്കൊപ്പമാണ്. എല്ലാ മലയാളികളും അവൾക്കൊപ്പമാണെന്ന് ശ്വേത കൂട്ടിച്ചേർത്തു.


