Blog

സി.എച്ച്. മുഹമ്മദ് കോയയുടെ വീട് ഇനി സുരക്ഷിതം; കടബാധ്യത തീർത്ത് മുസ്ലിം ലീഗ്, വികാരാധീനനായി ഡോ. എം.കെ. മുനീർ

കോഴിക്കോട് : കടബാധ്യത തീർത്ത് കുടുംബ വീടിനെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്തിയ മുസ്ലീം ലീഗ് നേതൃത്വത്തിന് നന്ദി പറഞ്ഞ് ഡോ. എം.കെ മുനീർ. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നും അടച്ചത്. ‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദിയെന്ന് എംകെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന ആശ്വാസമുണ്ട്. പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച്ച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദിയുണ്ടെന്നും എംകെ മുനീർ പറഞ്ഞു.

58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി എച്ച് മുഹമ്മദ്‌ കോയ പണിത, നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീർക്കാൻ ആയിരുന്നില്ല. ഇതോടെയാണ് ഈ മാസം മാർച്ച് 31ന് മുമ്പ് ബാധ്യത തീർത്തില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയത്. മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീർ പുതുക്കി പണിയുകയായിരുന്നു. സി എച്ചിന്റെ ഖബറിടത്തോട് ചേർന്നുള്ള ക്രെസന്റ് ഹൗസ് ലീഗിന്റെ പല നിർണായക തീരുമാനങ്ങൾക്കും വേദിയായ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകൾ ഉണ്ടായിരുന്നു. അന്ന് പാർട്ടി ഇടപെട്ടാണ് കടങ്ങൾ തീർത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button