Cinema

വിവാദങ്ങള്‍ക്കുള്ള മറുപടിയോ? തൂലികയും മഷിക്കുപ്പിയുമുള്ള ചിത്രം പങ്കുവെച്ച് മുരളി ഗോപി

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് പ്രമേയപരമായ പ്രത്യേകതകള്‍ കാരണം വിവാദങ്ങള്‍ കത്തിയാളുന്ന സാഹചര്യത്തില്‍ ‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതികരിച്ച് മുരളി ഗോപി. വിവാദങ്ങള്‍ കനത്തപ്പോള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തുവെങ്കിലും ചിത്രത്തിന് തിരക്കഥയെഴുതിയ മുരളി ഗോപി നിശ്ശബ്ദനായിരുന്നു.

വിവാദങ്ങളില്‍ പ്രതികരിക്കാനില്ല എന്ന് മുരളി ഗോപി 24 നോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം തന്റെ നിലപാട് പറയാതെ പറഞ്ഞ മുരളി ഗോപിക്ക് പിന്തുണയുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വന്നത്.

‘തൂലിക പടവാള്‍ ആക്കിയവന്‍’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’, ‘ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആയുധം’, ‘അറിവാണ് എഴുത്ത്, എഴുതാനാണ് തൂലിക, അറിവിലും എഴുത്തിലും വിട്ടുവീഴ്ച അരുത്, താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു’ എന്നിങ്ങനെയാണ് നിരവധിപേര്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നത്.

ലൂസിഫര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രം തീര്‍ച്ചയായും വരും എന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പൃഥ്വിരാജിനൊപ്പം അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം L3 അല്ല ‘ടൈസണ്‍’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് മുരളി ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button