മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി രൂപ: കണക്ക് വ്യക്തമാക്കി സര്‍ക്കാര്‍

0

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ് വ്യക്തമാക്കിയത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരിച്ചവരുടെ കടുംബാംഗങ്ങള്‍ക്കായി 13.3 കോടി രൂപയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.

ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരുക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കി.

ഇന്ന് റവന്യു മന്ത്രി കെ രാജന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെത്തി ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പുരോഗതിയടക്കം വിലയിരുത്തിയിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗത്തില്‍ മന്ത്രി പങ്കെടുത്തു. ഇതിന് ശേഷമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും വീട് നിര്‍മ്മാണത്തിനുള്ള തുക സൂക്ഷിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് പരിശോധിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്‌പോണ്‍സര്‍മാരുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് സുതാര്യത ഉറപ്പാക്കും. ഇത് സംബന്ധിച്ച് ആര്‍ക്കും കൃത്യമായ പരിശോധന നടത്താം. ടൗണ്‍ഷിപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ ബോര്‍ഡ് സ്ഥാപിച്ച് സ്‌പോണ്‍സര്‍മാരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജീവനോപാധിയായി നല്‍കുന്ന 300 രൂപ ദിവസ വേതന ബത്തയ്ക്ക് അര്‍ഹരായ എല്ലാവര്‍ക്കും വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here