Kerala

മുനമ്പം ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി നിയവിരുദ്ധം, വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയവിരുദ്ധമെന്ന് കേരള വഖഫ് ബോര്‍ഡ്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടിക്കെതിരെ

വഖഫ് ബോര്‍ഡ് വിമര്‍ശനം ഉന്നയിച്ചത്. ഭൂമി തര്‍ക്കത്തില്‍ ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായരെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യുണല്‍ ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വഖഫ് ആക്ടിന്റെ 83 (1) പ്രകാരം തര്‍ക്കമുള്ള വഖഫ് ഭൂമികളില്‍ അന്തിമ തീര്‍പ്പ് എടുക്കേണ്ടത് വഖഫ് ട്രിബ്യൂണല്‍ ആണ്. കോടതികള്‍കള്‍ക്കോ, ജുഡീഷ്യല്‍ കമ്മീഷനോ അതിന് അധികാരമില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ മുനമ്പം തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സിപിഎം നേതാവും, പിഎസ്‌സി. മുന്‍ ചെയര്‍മാനുമായ എം കെ സക്കീര്‍ ചെയര്‍മാനായ സംസ്ഥാന വഖഫ് ബോര്‍ഡ് ആണ് മുനമ്പം വിഷയത്തില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരുടെ അന്വേഷണത്തെ സുപ്രീം കോടതിയില്‍ എതിര്‍ത്തത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് തെറ്റാണ്. റിട്ട് അപ്പീലിലോ, റിട്ട് ഹര്‍ജിയിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടെത്തേണ്ടത്. അതിനാല്‍, ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സുപ്രധാനമായ ഈ കേസില്‍ ഹൈക്കോടതി തങ്ങളുടെ വാദം കേട്ടില്ലെന്നും വഖഫ് ബോര്‍ഡ് ആരോപിക്കുന്നു. മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് കേരള വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button