NationalNews

മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെവിട്ട ഉത്തരവിന് സ്റ്റേ

2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കമാക്കരുതെന്ന പരാമര്‍ശത്തോടെയാണ് സുപ്രീം കോടതിയുടെ നടപടി. എന്നാല്‍, ഹൈക്കോടതി വിധിക്ക് പിന്നാലെ ജയില്‍ മോചിതരായ പ്രതികളെ തിരികെ ജയിലില്‍ അടയ്ക്കണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഹര്‍ജിയില്‍ കേസിലെ എല്ലാ പ്രതികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികരണം തേടിയാണ് നോട്ടീസ്. ജസ്റ്റിസ് എം എം സുന്ദരേഷ്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

മുംബൈ നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷം ബോംബെ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. നടപടി കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസിന് വിധി വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു. 187 പേര്‍ മരിച്ച സ്‌ഫോടന പരമ്പരയിലെ പ്രതികള്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യിലെ അംഗങ്ങളാണെന്നും ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയിലെ പാകിസ്താന്‍ പ്രതിനിധികളുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എടിഎസ് കണ്ടെത്തല്‍.

സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച തെളിവുകള്‍ ശക്തമല്ലെന്ന് നിരീക്ഷിച്ചായിരുന്നു ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നുമായിരുന്നു കോടതി സ്വീകരിച്ച നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button