
മുംബൈയിലെ തെരുവ് കച്ചവടക്കാർക്കിടയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കർശന നടപടികളുമായി മുംബൈ മേയർ റിതു തവ്‌ഡെ. നഗരത്തിലെ എല്ലാ നടപ്പാതകളിലെയും കച്ചവടക്കാരുടെ ജനന സർട്ടിഫിക്കറ്റുകൾ സമഗ്രമായി പരിശോധിക്കണമെന്ന് ബിഎംസി (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) ഉദ്യോഗസ്ഥർക്ക് മേയർ ഉത്തരവ് നൽകി.
അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ ലക്ഷ്യമിട്ടും നഗരസുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ആർക്കും ഇളവ് നൽകില്ലെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കാര്യമാണെന്നും അവർ വ്യക്തമാക്കി. രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമായാണ് രേഖകളില്ലാത്ത കച്ചവടത്തെ കാണുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മേയർ കൂട്ടിച്ചേർത്തു.
ബിഎംസി ഉദ്യോഗസ്ഥരും മുൻ എംപി കിരിത് സോമയ്യയും പങ്കെടുത്ത ഭരണസമിതി യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. നിലവിലില്ലാത്ത ആശുപത്രികളുടെ പേരിൽ പോലും ഏകദേശം 237 വ്യാജ ജനന സർട്ടിഫിക്കറ്റുകൾ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് മേയർ പറഞ്ഞു. ഡോക്ടർമാർ വഴി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘങ്ങൾക്കെതിരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിനെ തവ്‌ഡെ വിമർശിച്ചു.
ബംഗ്ലാദേശി പൗരന്മാർ കൂടുതലുള്ള ചില ഭാഗങ്ങളിൽ പതിനായിരത്തിലധികം വ്യാജ രേഖകൾ നൽകിയിട്ടുണ്ടെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ വ്യക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അവർക്കെതിരെ ബിഎംസി സഭയിൽ പ്രമേയം കൊണ്ടുവരുമെന്നും മേയർ കർശന മുന്നറിയിപ്പ് നൽകി.



