പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് സിഇഒ മുൻകൂർ ജാമ്യാപേക്ഷ നൽകി

പരീക്ഷ ചോദ്യപേപ്പർ ചോർച്ച, വിവാദത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുൻകൂർ ജാമ്യാപേക്ഷ നൽകി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഹമ്മദ് ഷുഹൈബ് ജാമ്യാപേക്ഷ നൽകിയത്. സ്ഥാപനത്തിനെതിരെ കേസെടുത്ത ശേഷം ഷുഹൈബ് ഒളിവിൽ പോയിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എംഎസ് സൊല്യൂഷൻസ് സിഇഒ, മുഹമ്മദ് ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
സ്ഥാപനത്തിനെതിരെ കേസെടുത്തതിനെ തുടർന്ന് ഒളിവിലാണ് ഷുഹൈബെന്ന് അന്വേഷണ സംഘം അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കില്ലെന്നാണ് ഷുഹൈബിൻ്റെ വാദം. ഷുഹൈബിൻ്റെ വീട്ടിലും സ്ഥാപനത്തിലും നടന്ന റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ലാപ് ടോപ്പ്, ഹാർഡ് ഡിസ്ക്, അടക്കമുള്ളവയുടെ പരിശോധന പുരോഗമിക്കുന്നു. മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ആരോപണത്തെ തുടർന്ന് ഡിലീറ്റ് ചെയ്ത വീഡിയോകൾ തിരിച്ചെടുക്കാൻ സൈബർ സെല്ലും നടപടി തുടങ്ങി.
സ്ഥാപനവുമായി സഹകരിച്ച അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും അന്വേഷണ പരിധിയിലുണ്ട്. സാമ്പത്തിക നേട്ടത്തിനായി വിദ്യാഭ്യാസ വകുപ്പിലുള്ളവർ ചോദ്യങ്ങൾ ചോർത്തി നൽകിയതായുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. മറ്റ് ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ ഷുഹൈബ് ഉന്നയിച്ച ആരോപണങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.