Kerala

‘തിരിച്ചടവിനായി ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തരുത്’; വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾ. മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാ​ങ്കേഴ്സ് സമിതി നിർദേശം നൽകി. ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം 22 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്.

ഇവരിൽ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കൃഷി വായ്പകൾക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുക. 50% വരെ കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം. 50 ശതമാനത്തിനു മേൽ കൃഷി നാശമുണ്ടെങ്കിൽ 5 വർഷം വരെ തിരിച്ചടവ് കാലാവധി നീട്ടി നൽകാനാകും.

വായ്പയെടുത്തവർ മൊറട്ടോറിയം അനുസരിച്ച് ഒരു വർഷം പണം തിരിച്ചടയ്ക്കേണ്ടതില്ല. അത് കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ചു നൽകും. തിരിച്ചടവിലെ ഒരു വർഷത്തെ അവധി ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. ഈ കാലയളവിലെ പലിശ ബാക്കി തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയിൽ ഉൾപ്പെടുത്തുന്നതാണു രീതി. പൂർണമായി വായ്പകൾ എഴുതിത്തള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയായാൽ‌ മാത്രമേ എഴുതിത്തള്ളുന്ന കാര്യം സർക്കാർ പരി​ഗണിക്കൂ.

പാര്‍ക്കിങ് അടുത്ത പ്ലോട്ടിലും ആകാം, കെട്ടിടം നിർമിക്കാൻ 15 വർഷം വരെ സമയം; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
മുൻപ് ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ സർക്കാർ എഴുതിത്തള്ളിയിരുന്നു. അതേസമയം ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടെയും വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗവും തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button