NationalNews

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക സമ്മേളനമില്ല; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ

പാകിസ്ഥാനെതിരെ സ്വീകരിച്ച സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജിജു അറിയിച്ചു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചതെന്ന് മന്ത്രി റിജ്ജിജു അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടത്.

ചട്ടപ്രകാരമുള്ള എല്ലാ വിഷയങ്ങളും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജു കൂട്ടിച്ചേര്‍ത്തു. ഒദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍, ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ച വളരെ പോസിറ്റീവായിരുന്നുവെന്ന് കേന്ദ്രമന്ത്രി റിജ്ജിജു പറഞ്ഞു.

ഈ വിഷയത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. കാരണം വിഷയം ഗൗരവമേറിയതും രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതുമാണ്. അഴിമതിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അത് ജുഡീഷ്യറിയിലെ അഴിമതിയായാലും മറ്റെവിടെയായാലും, ഏറ്റവും മുന്തിയ പരിഗണനയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. അതിന്മേല്‍ പക്ഷപാതപരമായ നിലപാട് എടുക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button