മൊജ്തബ ഖമേനി കോമയിൽ? ആക്രമണത്തിൽ കാൽ മുറിച്ചുമാറ്റിയതായി റിപ്പോർട്ട്

ടെഹ്റാൻ/ലണ്ടൻ: ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. 56 വയസുകാരനായ മൊജ്തബ നിലവിൽ കോമയിലാണെന്നും അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ യുദ്ധതന്ത്രങ്ങളെ നിയന്ത്രിക്കേണ്ട പുതിയ നേതാവ് മരണത്തോട് മല്ലിടുന്നത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബയുടെ ചികിത്സ നടക്കുന്നത്. ബോംബാക്രമണത്തിൽ അദ്ദേഹത്തിന്‍റെ വയറിനും കരളിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സർജനുമായ മുഹമ്മദ് റെസ സഫർഗന്ദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സകൾ പുരോഗമിക്കുന്നത്. എന്നാൽ ആശുപത്രിയുടെ നിയന്ത്രണം പൂർണ്ണമായും സൈന്യം ഏറ്റെടുത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
ആദ്യ സന്ദേശം
നേതാവ് ഗുരുതരാവസ്ഥയിലാണെങ്കിലും രാജ്യത്ത് ഭരണപ്രതിസന്ധിയില്ലെന്ന് വരുത്തിത്തീർക്കാൻ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ശ്രമിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിന്‍റെ രക്തത്തിന് പകരമായി കടുത്ത ആക്രമണങ്ങൾ തുടരുമെന്നും മൊജ്തബ ഖമേനിയുടേതെന്ന പേരിൽ ഒരു പ്രസ്താവന ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാൽ നേതാവ് നേരിട്ട് പ്രത്യക്ഷപ്പെടാത്തത് ഇറാനിലെ ജനങ്ങൾക്കിടയിലും സൈന്യത്തിനുള്ളിലും വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെല്ലാം ഇറാൻ തള്ളിയിട്ടുണ്ട്.

