പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചര്‍ച്ചയ്ക്കിടെ പുടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ പുടിന്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ക്രെംലിനില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മോദി പുടിന്‍ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. അതേസമയം ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കള്‍ പരസ്പരം സംസാരിച്ചു. യുക്രൈനുമായി ബന്ധപ്പെട്ട് യുഎഇയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച് പുടിന്‍ മോദിയോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനപരമായ ഒരു പരിഹാരത്തിനായി ഇന്ത്യ വാദിക്കുന്നതായും ഫോണ്‍ സംഭാഷണത്തിനിടെ മോദി അറിയിച്ചു.




