എംഎൽഎ ഓഫീസ് കെട്ടിട വിവാദം: എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ട് : കെ എസ് ശബരീനാഥൻ

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത്എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നുമാണ് ശബരീനാഥന്റെ ചോദ്യം. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ശബരീനാഥന്റെ പ്രതികരണം. നിയമസഭയുടെ എംഎൽഎ ഹോസ്റ്റലുള്ളത് വികെ പ്രശാന്തിന്റെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത്? അതുകൊണ്ടുതന്നെ പ്രശാന്ത് ഓഫീസ് ഒഴിയണം എന്നും ശബരീനാഥൻ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്. പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎൽഎ ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?



