വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ടു, നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ സൂരജിനെ കാണാതായിട്ട് ആഴ്ചകൾ, പ്രതീക്ഷ കൈവിടാതെ കുടുംബം കാത്തിരിക്കുന്നു

കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ട കർണാടക ബെംഗളൂരു സ്വദേശിയായ സൂരജ് ലാമ എന്ന 58കാരൻ. കുവൈത്തില്‍ നിന്നും അധികൃതര്‍ നാടുകടത്തി ഇന്ത്യയിലേക്ക് അയച്ചു. എന്നാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സൂരജ് ലാമയെ വിമാനം കയറ്റി അയച്ചത് കൊച്ചിയിലേക്ക്. ഒക്ടോബർ ആറിന് പുലർച്ചെയാണ് സൂരജ് ലാമ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. പിന്നീട് ഇദ്ദേഹത്തെ കാണാതായി!
കൊച്ചിയിൽ വിമാനം ഇറങ്ങിയ സൂരജ്, മെട്രോയുടെ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. പിന്നീട് 10നാണ് സൂരജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പത്തിന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടർന്നു ഡിസ്ചാർജ് ചെയ്തു. അപ്പോഴൊന്നും ആശുപത്രി അധികാരികൾക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണ് കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണു കുവൈത്തിൽ നിന്ന് സൂരജിനെ കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിയുന്നത്. വിഷമദ്യദുരന്തത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട സൂരജിനായി തെരച്ചില്‍ തുടര്‍ന്ന കുടുംബം നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. സൂരജിന്‍റെ മകൻ സന്ദൻ ലാമയും പൊലീസും നടത്തിയ അന്വേഷണങ്ങളില്‍ സൂരജിനെ കണ്ടെത്താനായില്ല.
ഓര്‍മ്മ നഷ്ടപ്പെട്ട, കൈവശം പണം ഇല്ലാത്ത, മലയാളം അറിയാത്ത സൂരജിന് എന്ത് സംഭവിച്ചുവെന്നത് ദുരൂഹമായി തുടരുകയാണ്. മറവിരോഗമുള്ള വ്യക്തിയെ നാടുകടത്തിയപ്പോൾ ഇക്കാര്യം വീട്ടുകാരെ ആരെയും അറിയിച്ചില്ല. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്. സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയുമായി മകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം നടത്തിയിട്ടും ആളെ കണ്ടെത്താനാകാതെ വന്നതോടെ വിഷയത്തില്‍ പ്രവാസി ലീഗൽ സെല്ലും ഇടപെട്ടു. വിദേശകാര്യ മന്ത്രാലയം അന്വേഷണം നടത്തണമെന്നും ഏതു സാഹചര്യത്തിലാണ് മറവിരോഗവും മറ്റ് അസുഖവുമുള്ള വ്യക്തിയെ വീട്ടുകാരെ ആരെയും അറിയിക്കാതെ ബംഗളൂരുവിനു പകരം കൊച്ചിയിലേക്ക് വിട്ടത് തുടങ്ങിയ കാര്യങ്ങൾ കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.




