ഓണം വാരാഘോഷത്തിലേക്ക് ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു. ഇതോടെയാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.
സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിമാര്‍ വൈകീട്ട് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറിയെന്നും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണം ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
നാളെ മുതല്‍ ഈ മാസം ഒമ്പത് വരെയാണ് ഓണം വാരാഘോഷം. നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിക്കുക. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ ജയം രവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മൂന്ന് വേദികളിലായി നടക്കുന്ന ആഘോഷപരിപാടികളില്‍ ആയിരത്തോളം പരമ്പരാഗത കലാകാരന്മാര്‍ അണിനിരക്കും.




