KeralaNews

സജി ചെറിയാന്റെ താമസം 85000 രൂപയുടെ വാടക വീട്ടിൽ, ജയരാജ് 45000 രൂപയുടേത്

ഒഴിവുള്ള മൻമോഹൻ ബംഗ്ലാവ് ആർക്കും വേണ്ട! രാശിയില്ലാത്ത ബംഗ്ലാവിനെ പേടിച്ച് ഇടത് നേതാക്കള്‍

തിരുവനന്തപുരം: പണമില്ലാത്ത സംസ്ഥാന ഖജനാവില്‍ നിന്ന് കാശെടുത്ത് വാടക വീട്ടിൽ കഴിയുകയാണ് മന്ത്രി സജി ചെറിയാൻ. 85000 രൂപയാണ് മാസ വാടക. തൈക്കാട് ഈശ്വരവിലാസം റെസിഡൻ്റ്സ് അസോസിയേഷനിലാണ് സജി ചെറിയാൻ്റെ വാടക വീട്. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിഞ്ഞ ആൻ്റണി രാജു മാറിയ മൻമോഹൻ ബംഗ്ലാവ് ഒഴിവുണ്ടെങ്കിലും സജി ചെറിയാൻ വാടക വീട്ടിൽ നിന്ന് അങ്ങോട്ട് മാറാൻ തയ്യാറാകുന്നില്ല. രാശി ഇല്ലാത്ത വീട്ടിൽ താമസിക്കാൻ സജി ചെറിയാന് താൽപര്യമില്ല. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ ‘അധികം വാഴില്ലെന്നാണ’ അന്ധവിശ്വാസം സജി ചെറിയാനെയും പിടി കൂടി എന്ന് വ്യക്തം.

ചീഫ് വിപ്പിനും വാടക വീട്

45000 രൂപയുടെ വാടക വീട്ടിലാണ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് താമസിക്കുന്നത്. കവടിയാറിൽ വാടക വീട്ടിൽ കഴിയുന്ന ചീഫ് വിപ്പിനും മൻമോഹൻ ബംഗ്ലാവ് വേണ്ട. മൻമോഹൻ ബംഗ്ലാവ് എന്ന് കേട്ടാൽ പേടിയാണ് സജി ചെറിയാനും ജയരാജിനും. ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്ക് മൻമോഹൻ ബംഗ്ലാവിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

ഐസക്കിന് 2021 ൽ സീറ്റ് ലഭിച്ചില്ല. 2021 ൽ മൻമോഹൻ ബംഗ്ലാവിൽ താമസിച്ച ആൻ്റണി രാജു രണ്ടര വർഷം കഴിഞ്ഞപ്പോൾ രാജി വയ്ക്കേണ്ടി വന്നു. പഞ്ചാബ് മോഡൽ പ്രസംഗത്തിൻ്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന ബാലകൃഷ്ണപിള്ളയുടെ ഔദ്യോഗിക വസതിയും മൻ മോഹൻ ബംഗ്ലാവ് ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ഒരു മാസത്തിനുള്ളിൽ മൻമോഹൻ ബംഗ്ലാവിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

വി.എസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത്. കോടിയേരി ബംഗ്ലാവില്‍ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങള്‍ വരുത്താന്‍ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ കോടിയേരി മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും താമസം സമീപത്തെ ഫ്‌ളാറ്റിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസം ആരംഭിച്ചു.

എന്നാല്‍ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരില്‍ 2007 സെപ്തംബറില്‍ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു.പകരം മന്ത്രിയായ മോന്‍സ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമു്ക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോന്‍സ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.2010ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയ പിജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു.

2011ല്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത് ആര്യാടന്‍ മുഹമ്മദാണ്. സോളാര്‍ കേസില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ടെങ്കിലും ആര്യാടന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ആര്യാടൻ്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിച്ചു. അഞ്ച് വർഷം പൂർത്തിയായ ആര്യാടനും ഐസക്കും അടുത്ത തവണ മൽസരിച്ചില്ല. ഐസക്കിന് സീറ്റ് പിണറായി നിഷേധിച്ചു. ആൻ്റണി രാജു ഒഴിഞ്ഞതോടെ കാട് പിടിച്ച് കിടക്കുകയാണ് മൻമോഹൻ ബംഗ്ലാവ്. ധൈര്യമുള്ളവരെ തേടി കാത്ത് കിടക്കുകയാണ് മൻമോഹൻ ബംഗ്ലാവ്.

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button