മിസൈൽ ബലം കൊണ്ട് മാത്രം ഇറാന് പിടിച്ച് നിൽക്കാനാകുമോ? ആക്രമണങ്ങളെ നേരിടാൻ പൂർണ സജ്ജരെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി. ഔദ്യോഗിക അറിയിപ്പ് ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.
അവശ്യ സാധനങ്ങൾ കരുതാനും ജനലുകൾ ഇല്ലാത്ത മുറി തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്റൈൻ നിർദേശം നൽകി. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസെൽ തടഞ്ഞതായി വിവരമുണ്ട്. അതിനിടെ, ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു ബഹ്റൈൻ രംഗത്തെത്തി. പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ പ്രതികരിച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. മലയാളികളുൾപ്പെടെ ആശങ്കയിലാണ്.
ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. സ്ഫോടനശബ്‍ദങ്ങളാൽ ടെഹ്‌റാൻ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.



