ഒരു കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ഒറിജിനല്‍ കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു.
ഫേസ്ബുക്ക് ഫീഡുകള്‍ കൂടുതല്‍ സത്യസന്ധമാക്കി ,പേജുകള്‍ കൂടുതല്‍ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റര്‍മാരുടെ കണ്ടന്റുകള്‍ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നല്‍കാതെ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ അക്കൗണ്ടുകള്‍ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുകയോ അതില്‍ അഭിപ്രായം രേഖപെടുത്തയോ ആകാം എന്നാല്‍ അവരുടെ കണ്ടന്റുകള്‍ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബ്ലോഗ്‌പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കി.
കോപ്പിയടി വിരുതന്മാരുടെ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്നും , മോണിറ്റൈസേഷന്‍ പ്രോഗ്രാമില്‍ നിന്ന് പുറത്താക്കുമെന്നും ,യഥാര്‍ത്ഥ വീഡിയോകളുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വിഡിയോകള്‍ക്കൊപ്പം നല്‍കുമെന്നും മെറ്റയുടെ പോസ്റ്റില്‍ പറയുന്നു.ഇവ യാഥാര്‍ഥ്യമായാല്‍ വീഡിയോയുടെ താഴെ Original by എന്ന ഡിസ്‌ക്ലൈമര്‍ കാണപ്പെടും.