ഗതാഗത വകുപ്പിനും മന്ത്രിക്കും നന്ദി പറഞ്ഞ് മേയർ വി വി രാജേഷ് ; തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിൽ ഇനി ഇലക്ട്രിക് ബസുകൾ ഓടും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവ്വീസ് ആരംഭിച്ച സംഭവത്തിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും നന്ദി പറഞ്ഞ് കോർപ്പറേഷൻ മേയർ വി വി രാജേഷ്. ജനങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിയ്ക്കുവാൻ തയ്യാറായ ഗതാഗത മന്ത്രിക്ക് നന്ദി എന്നാണ് വി വി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ഇന്നു മുതൽ ആരംഭിച്ചത്. തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
മേയർ വി വി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു. ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും.ആദ്യ സർവ്വീസ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് ഇന്ന് രാവിലെ 7.30 ന് ആരംഭിച്ചു.ജനങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിയ്ക്കുവാൻ തയ്യാറായ ഗതാഗത വകുപ്പിനും,ബഹു:മന്ത്രിയ്ക്കും നന്ദി.’ – വി വി രാജേഷ്




