സംസ്ഥാനത്ത് ജിഎസ്ടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ്; വിഡി സതീശന്‍

കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തില്‍ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകള്‍ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യാജ പേരുകളില്‍ ആയിരത്തിലധികം തെറ്റായ GST രജിസ്‌ട്രേഷനുകള്‍ ഉപയോഗിച്ച് നടന്ന ഈ വന്‍ തട്ടിപ്പ് പൂനെയിലെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തത്. എന്നാല്‍ ഇത്രയും ഗുരുതരമായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ ഒരു അന്വേഷണവും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. തട്ടിപ്പ് കാരണം സംസ്ഥാന ഖജനാവിന് ലഭിക്കേണ്ടിയിരുന്ന 200 കോടിയിലധികം രൂപയുടെ വരുമാനമാണ് നഷ്ടമായത്.
പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുക എന്ന ലളിതമായ നടപടിയില്‍ ഒതുങ്ങിനില്‍ക്കുന്നു എന്നതാണ്. ഈ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രം ആയിരിക്കാമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വന്‍ റാക്കറ്റിനെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല സ്വന്തം പേരുകള്‍ ദുരുപയോഗം ചെയ്യപ്പെട്ട് ബലിയാടായ ഇരകളെ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അറിയിക്കുകയോ അവര്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്തിട്ടില്ല എന്നതും ഗൗരവതരമാണ്.
തെറ്റ് കണ്ടിട്ടും പ്രതികരിക്കാതെ തട്ടിപ്പിന് മൗനാനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇരകള്‍ക്ക് നിയമസഹായം നല്‍കി അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വി.ഡി. സതീശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും നികുതി സംവിധാനത്തിന്റെ വിശ്വാസ്യതയെയും തകര്‍ക്കുന്ന ഈ തട്ടിപ്പില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


