കുണ്ടറയില്‍ സിപിഐയില്‍ കൂട്ടരാജി

കൊല്ലം: കുണ്ടറയില്‍ സിപിഐയില്‍ കൂട്ടരാജി. മുന്നൂറോളം അംഗങ്ങള്‍ സിപിഐഎഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി കുണ്ടറ മണ്ഡലം സമ്മേളനത്തില്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരും മൂന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും 20 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 29 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചവരില്‍ പെടുന്നു.
പേരയം, കുണ്ടറ, ഇളമ്പള്ളൂര്‍ സൗത്ത്, നോര്‍ത്ത്, പെരിനാട് ഈസ്റ്റ്, വെസ്റ്റ് എന്നീ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള 325-ലേറെ പാര്‍ട്ടി അംഗങ്ങളും കുമ്പളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുള്‍പ്പെടെ 12 ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒരു സിഡിഎസ് ചെയര്‍പേഴ്‌സണും നാല് സിഡിഎസ് അംഗങ്ങളും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളും സിപിഐഎമ്മില്‍ ചേര്‍ന്നു.




