പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ. നേരത്തേ അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്. എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു മസൂദ് അസ്ഹർ പറഞ്ഞു.
യുഎൻ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാക്കിസ്ഥാൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.