Kerala

മാസപ്പടികേസ്: തട്ടിപ്പില്‍ വീണയ്ക്ക് സുപ്രധാന പങ്കെന്ന് എസ്എഫ്ഐഒ കുറ്റപത്രം

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ടി വീണയ്ക്കെതിരെ എസ്എഫ് ഐഒ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. തട്ടിപ്പില്‍ വീണ പ്രധാന പങ്കുവഹിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്സാലോജികിനു നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആര്‍എല്‍ പ്രതിമാസം 3 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട് എന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും കഴിഞ്ഞദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണം എന്ന ഹര്‍ജിയിലാണ് നോട്ടീസ്. മാധ്യമ പ്രവര്‍ത്തകനായ എം ആര്‍ അജയന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

നേരത്തെ എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നത് അടക്കം തടഞ്ഞുകൊണ്ടായിരുന്നു കോടതി ഉത്തരവ്. കൂടാതെ സിഎംആര്‍എല്ലിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button