KeralaNews

വസ്തു പ്ലോട്ട് തിരിച്ചുവില്‍ക്കാന്‍ അനുമതി പത്രം നിര്‍ബന്ധം; കെട്ടിട പെര്‍മിറ്റ് കിട്ടാൻ പാലിക്കേണ്ട കാര്യങ്ങള്‍…

ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിര്‍മ്മാണവും വ്യാപകമായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. വികസന അനുമതിപത്രമോ (ഡെവലപ്മെന്റ് പെര്‍മിറ്റ്) ലേ ഔട്ട് അനുമതിയോ ഇല്ലാതെ ഭൂമി പ്ലോട്ടുകളാക്കുന്നതായി വിവരം കിട്ടിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കണം.

പ്‌ളോട്ട് തിരിച്ച് വില്പന നടത്തും മുമ്പ് ഭൂമി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (കെ-റെറ) നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യിപ്പിക്കണം. 2019ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ റൂള്‍ 31 പ്രകാരം പത്തിലധികം പ്ലോട്ടുകളോ, അര ഹെക്ടറിലധികമുള്ള ഭൂമി പ്ലോട്ടുകളാക്കിയോ വില്‍ക്കുംമുമ്പ് ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്നോ തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നോ ലേഔട്ട് അംഗീകാരം വാങ്ങണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്നായിരുന്നു വാര്‍ത്ത. ഈ ഭൂമി വാങ്ങുന്നവര്‍ കെട്ടിട പെര്‍മിറ്റിനായി ചെല്ലുമ്പോള്‍ അനുമതി കിട്ടാത്ത സാഹചര്യവുമുണ്ടായിരുന്നു.

ഭൂമി പ്ലോട്ടാക്കി വില്‍ക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍, 2019ലെ ചട്ടം 4, റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ) ആക്ട് 2016ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പാണ് പ്രദര്‍ശിപ്പിക്കേണ്ടത്. പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലിലും സര്‍ക്കുലര്‍ അവതരിപ്പിക്കണമെന്നും സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

പ്ലോട്ട് വികസനത്തിന് അനുമതിപത്രം നല്‍കുമ്പോള്‍ പകര്‍പ്പ് കെ-റെറ സെക്രട്ടറിക്കും അയയ്ക്കണം. ചട്ടം പാലിച്ച പ്‌ളോട്ട് വാങ്ങാന്‍ ശ്രദ്ധിക്കണം. ലേ ഔട്ട് പ്‌ളാനുള്ള പ്ലോട്ടാണെന്ന് ഉറപ്പാക്കണം. രജിസ്ട്രാര്‍, വില്ലേജ് ഓഫീസുകളില്‍ രേഖകള്‍ പരിശോധിക്കണം. പ്‌ളോട്ടുകളുടെ അവകാശികളായി വരുന്നവര്‍ക്ക്. പൊതു ഉപയോഗത്തിനായി ഭൂമി മാറ്റിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വഴിക്ക് അഞ്ചു മീറ്റര്‍ വീതി വേണം. വഴിയില്‍ നിന്ന് നാലുമീറ്റര്‍ ഉള്ളിലേക്ക്മാറിയേ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയൂ. ചട്ടങ്ങള്‍ പാലിച്ച് കെട്ടിടം പണിയാന്‍ പ്‌ളോട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button