NationalNews

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിൽ യുവാവിനെ തല്ലി കൊന്നു

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളുരുവിൽ യുവാവിനെ തല്ലിക്കൊന്നു. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകൾ. യുവാവ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും മംഗളുരു കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 35-നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, ആവർത്തിച്ചുള്ള ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

33 വയസുള്ള പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്‍റെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. പൊലീസ് സജീവമായി തെളിവുകൾ ശേഖരിക്കുകയാണെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന്‍റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button