
വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്.
ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ മാസം അഞ്ചിനാണ് സെവനപ്പിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് രാധാകൃഷ്ണന് മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പിന്റെ ഉടമയാണ് രാധാകൃഷ്ണന്. ജോലിയുടെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ആസിഡ് ആണ് അബദ്ധത്തില്‍ കുടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Man dies after drinking acid in Palakkad


