മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ; വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണം’; കെ റഫീഖ്

‘
ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഫീഖ് മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണമെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
മമ്മൂട്ടി മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇടപെട്ടത്. അത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് മമ്മൂട്ടി ഇങ്ങനെ ഇടപെട്ടത്. ടൗണ്‍ഷിപ്പില്‍ വരുന്നവരെ അവിടെയുണ്ടെങ്കില്‍ സ്വീകരിക്കുന്നത് രീതിയാണ്. അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മമ്മൂട്ടി നേരില്‍ വിളിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ഒപ്പം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി.
ഇന്നലെയാണ് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടി എത്തിയത്. അതിന് മുന്‍പ് സ്ഥലം സന്ദര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മടങ്ങിപ്പോയതിന് തൊട്ടുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. ആളുകൂടിയപ്പോള്‍, നിയന്ത്രിക്കാനായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് മമ്മൂട്ടിക്കൊപ്പം കൂടി. പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സ്വകാര്യ സന്ദര്‍ശനത്തില്‍ രാഷ്ട്രീയനിറം കലര്‍ത്തേണ്ട എന്ന നിലപാടിന്റെ പുറത്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വീഡിയോ വൈറലായതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിയോജിച്ചും ചര്‍ച്ചയുയര്‍ന്നു. ഇടത് സഹയാത്രികനായ മമ്മൂട്ടി, ജില്ലാ സെക്രട്ടറിയോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് വിമര്‍ശനം. സൈബര്‍ ആക്രമണം തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി.
കുറിപ്പിന്റെ പൂര്‍ണരൂപം:
മലയാളത്തിന്റെ മഹാനടന് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്ത്തകന് എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയില്‍ ജാ??ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള് അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്.
മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നേരില്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്.



