News

എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കേരളത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു : മമ്മൂട്ടി

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമെ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനേ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ കേരളം അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ ദാരിദ്ര്യത്തെ അതിജീവിക്കാനും നമുക്കാകും.

എട്ടുമാസമായി ഞാൻ നാട്ടിലുണ്ടായിരുന്നില്ല. ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ല. ഞാൻ ഇപ്പോള്‍ വരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ കാണാനായി. കേരളം പലകാര്യത്തിലും മാതൃകയാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് മാത്രം നമ്മള്‍ വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം. അത്തരത്തിലുള്ള സ്ഥലങ്ങള്‍ അപൂര്‍വമായിട്ടേയുള്ളു. നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് ദാരിദ്ര്യത്തെ നേരിടാം. അങ്ങനെ ദാരിദ്ര്യത്തെ അതിജീവിക്കാം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. ആ വിശക്കുന്ന വയറുകള്‍ കണ്ടു തന്നെയാണ് വികസനം യഥാര്‍ഥ്യമാക്കേണ്ടത്. ഇന്നത്തെ ഈ പ്രഖ്യാപനം അതിനുള്ള മാതൃകയാകട്ടെയന്ന് ആഗ്രഹിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവര്‍ക്ക് ജന്മദിനവും ആശംസയും നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button