“അപമാനിക്കാൻ കരുതിയതല്ല, വിവാദമാകുമെന്ന് വിചാരിച്ചില്ല”; സി.പി.എം ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് മമ്മൂട്ടി

വിവാദങ്ങള്‍ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശത്തിനിടെ റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് നടന്‍ റഫീഖിനെ വിളിച്ചത്. റഫീഖിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിച്ചു.
സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായാണ് വിവരം. അതേസമയം വിവാദത്തില്‍ റഫീഖും മമ്മൂട്ടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗണ്‍ഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.
”നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നടന്‍ റഫീഖിനെ ഫോണില്‍ വിളിക്കുന്നത്. വിഡിയോ കോളിലൂടെയാണ് റഫീഖുമായി മമ്മൂട്ടി സംസാരിച്ചതെന്നാണ് വിവരം.




