
മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ദൂറിനെയും വഖഫ് ഭേദഗതി നിയമത്തെയും മമത ബാനര്‍ജി എതിര്‍ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുര്‍ഷിദാബാദില്‍ അടുത്തിടെ നടന്ന കലാപങ്ങള്‍ സംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും കൊല്‍ക്കത്തയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.
”മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍, മമത ദീദി ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തു. അങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുകയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും മുഖ്യമന്ത്രിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരു പാഠം പഠിപ്പിക്കും” അമിത് ഷാ പറഞ്ഞു.
”മുര്‍ഷിദാബാദ് കലാപം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. മുര്‍ഷിദാബാദ് കലാപസമയത്ത് ബിഎസ്എഫിനെ വിന്യസിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ അക്രമം തുടരുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് അനുവദിച്ചില്ല. മമത ബാനര്‍ജി പ്രീണന രാഷ്ട്രീയത്തിനായി നിയമത്തിന് എതിരാണ്. ബംഗ്ലദേശില്‍ നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് സൗകര്യമൊരുക്കുകയാണ്. ബംഗ്ലദേശികള്‍ക്കായി മമത ബാനര്‍ജി ബംഗാളിന്റെ അതിര്‍ത്തികള്‍ തുറന്നുകൊടുത്തു. അവര്‍ക്ക് ഒരിക്കലും നുഴഞ്ഞുകയറ്റം തടയാന്‍ കഴിയില്ല. ബിജെപിക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ” അമിത് ഷാ പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിഎസ്എഫിന് ആവശ്യമായ ഭൂമി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ബിഎസ്എഫിന് ആവശ്യമായ ഭൂമി നല്‍കിക്കഴിഞ്ഞാല്‍, ഞങ്ങള്‍ നുഴഞ്ഞുകയറ്റം തടയും. എന്നാല്‍, ബംഗാളിലെ ഭരണകക്ഷി ഒരിക്കലും ബിഎസ്എഫിന് ഭൂമി നല്‍കില്ല, കാരണം അധികാരത്തില്‍ തുടരാന്‍ നുഴഞ്ഞുകയറ്റം തുടരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.