ഇ.പി ജയരാജന്റെ ഭാര്യയ്ക്ക് മലയാള മനോരമ 10.10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് കോടതി; അപകീര്‍ത്തി കേസില്‍ തിരിച്ചടി

0

കണ്ണൂര്‍: മലയാള മനോരമ ദിനപത്രത്തിനെതിരെ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സബ് കോടതിയാണ് വിധി പറഞ്ഞത്.

കൊവിഡ് ക്വാറന്റൈന്‍ ലംഘിച്ച് പി.കെ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയില്‍ എത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു മലയാള മനോരമയുടെ വാര്‍ത്ത. 2020 സെപ്റ്റംബര്‍ 14 നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കണ്ണൂരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന സ്വര്‍ണം പേരക്കുട്ടിയുടെ ജന്മദിനാവശ്യത്തിന് എടുക്കാനായിരുന്നു ഇന്ദിര ബാങ്കിലെത്തിയത്. ഇതിനെ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത നല്‍കിയത്.

ലൈഫ് മിഷന്‍ കമ്മീഷന്‍ കിട്ടിയത് മന്ത്രി പുത്രനും എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ 13 ന് മനോരമ മറ്റൊരു വാര്‍ത്തയും നല്‍കിയിരുന്നു. തന്നേയും കുടുംബത്തേയും മനപൂര്‍വം അവഹേളിക്കാന്‍ നല്‍കിയ വാര്‍ത്തയാണ് ഇതെന്ന് ഇന്ദിര ഹരജിയില്‍ പറഞ്ഞിരുന്നു.

പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ കോടതി ചിലവും നല്‍കണമെന്ന് കണ്ണൂര്‍ സബ്കോടതി ഉത്തരവിട്ടു. മലയാള മനോരമ പ്രിന്റ് ആന്‍ഡ് പബ്ലിഷര്‍ ജേക്കബ്ബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ് മാത്യു, റിപ്പോര്‍ട്ടര്‍ കെ.പി സഫീന എന്നിവരാണ് എതിര്‍ കക്ഷികള്‍. അഭിഭാഷകരായ എം. രാജഗോപാലന്‍ നായര്‍, പി.യു ശൈലജന്‍ എന്നിവര്‍ മുഖേന ഇന്ദിര നല്‍കിയ മാനനഷ്ട കേസിലാണ് കോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here