KeralaPolitics

എൽഡിഎഫ് സർക്കാരിനെതിരായ വികാരം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് 101% വിജയം: കെ മുരളീധരൻ

എൽഡിഎഫ് സർക്കാരിനെതിരായ വികാരം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യുഡിഎഫ് 101% വിജയിക്കുമെന്നും ദേശീയ നേത്യത്വം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ വേണമായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎയ്ക്ക് വെറും എട്ട് മാസമാണ് പ്രവർത്തിക്കാൻ സാധിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് ഒക്കെ കണക്കിലെടുക്കുമ്പോൾ ചിലപ്പോൾ എട്ട് മാസം പോലും ലഭിക്കണമെന്നില്ല. കാലവർഷം ഏറ്റവും ശക്തി പ്രാപിക്കുന്ന സമയത്ത് കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന് കരുത്ത് തെളിയിക്കാനുള്ള ഏറ്റവും നല്ല സന്ദർഭമാകുമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക യുഡിഎഫ് ആയിരിക്കുമെന്ന് ഷാഫി പറമ്പിൽ‌ പ്രതികരിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ആണ് നടക്കാൻ പോകുന്നതെന്നും കെട്ടിപ്പൊക്കിയ സർക്കാരിൻ്റെ അവകാശവാദങ്ങൾ മഴയത്ത് തകർന്ന് വീഴുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ ജനത ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ നിന്ന് ഉണ്ടാകും. ഉചിതമായ സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് യുഡിഎഫ് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button