കൊല്ലംകോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ വന്‍മോഷണം

പാലക്കാട് കൊല്ലംകോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ വന്‍മോഷണം. നാലു ചാക്കുകള്‍ ആയി മദ്യക്കുപ്പികള്‍ കടത്തിക്കൊണ്ടുപോയി. തിരുവോണദിവസം വൈകിട്ടോടുകൂടി മോഷണം നടന്നതാണ് വിലയിരുത്തല്‍.
തിരുവോണ അവധിക്ക് ശേഷം ഇന്ന് രാവിലെ ഔട്ട്ലെറ്റ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. കൊല്ലംകോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിന്റെ പിറകുവശം പൊളിച്ചാണ് അകത്തു കടന്നിരിക്കുന്നത്. ശേഷം ചാക്കുകളില്‍ ആക്കി മദ്യക്കുപ്പികള്‍ പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് ഓട്ടോറിക്ഷയില്‍ പ്രദേശത്തുനിന്ന് കടന്നുവളഞ്ഞു എന്നാണ് വിവരം.
കൊല്ലംകോട് പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ പ്രദേശവാസി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും സൂചനയുണ്ട്. എത്ര മദ്യക്കുപ്പികള്‍ മോഷണം പോയി എന്നത് കണക്കെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകു. മോഷ്ടാവ് ഉടന്‍ പിടിയിലാകുമെന്ന് കൊല്ലംകോട് പൊലീസ് അറിയിച്ചു.




