യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി കണ്‍ഫോം സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് അതേ നിരക്കില്‍ തേര്‍ഡ് എസി (3A)യിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു നയം ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചു. ട്രെയിനുകളിലെ എസി കോച്ചുകളിലെ എല്ലാ ഒഴിവുള്ള സീറ്റുകളും ബെര്‍ത്തുകളും ഓട്ടോ അപ്ഗ്രേഡ് സൗകര്യം വഴി നല്‍കുന്നതിനാണ് ഇന്ത്യന്‍ റെയില്‍വേ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്ലീപ്പര്‍ ക്ലാസ് (SL), സെക്കന്‍ഡ് സിറ്റിംഗ് (2S) തുടങ്ങിയ താഴ്ന്ന ക്ലാസുകളിലെ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ കൈവശമുള്ളവരെ ആദ്യ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. സാധാരണയായി ഒരു ട്രെയിന്‍ അതിന്റെ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പാണ് ഇത് ചെയ്യുന്നത്.
അധിക ചെലവുകളില്ലാതെ കൂടുതല്‍ സുഖകരമായ യാത്രാനുഭവം നല്‍കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ച് ഉയര്‍ന്ന ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന ഓഫ്-പീക്ക് സമയങ്ങളില്‍. താഴ്ന്ന ക്ലാസുകളില്‍ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഉയര്‍ന്ന ക്ലാസ് കോച്ചുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനാണ് ഓട്ടോ-അപ്ഗ്രേഡ് സൗകര്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പ്രക്രിയ സാധാരണയായി ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്ത പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ഓട്ടോമേറ്റഡ് ആയാണ് നടക്കുക. ബുക്കിംഗ് പ്രക്രിയയില്‍ ഓട്ടോ-അപ്ഗ്രേഡ് തിരഞ്ഞെടുത്ത യാത്രക്കാരെ ഈ സൗകര്യത്തിനായി പരിഗണിക്കും.
അതേസമയം റെയില്‍വേയുടെ ഈ നീക്കം ചെയര്‍ കാര്‍ (സിസി), തേര്‍ഡ് എസി (3എ), സെക്കന്‍ഡ് എസി (2എ), ഫസ്റ്റ് എസി (1എ) തുടങ്ങിയ എസി കോച്ചുകളില്‍ കറന്റ് ബുക്കിംഗ് (സിബി) സൗകര്യം ഇല്ലാതാക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആദ്യ ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷം എന്തെങ്കിലും ഒഴിവുകള്‍ ഉണ്ടെങ്കില്‍, അവസാന നിമിഷ ബുക്കിംഗുകള്‍ക്കാണ് കറന്റ് ബുക്കിംഗ് സൗകര്യം അവതരിപ്പിച്ചത്. സാധാരണയായി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ഇത് അനുവദനീയമാണ്. എമര്‍ജന്‍സി ക്വാട്ടകളും വ്യത്യസ്ത തരം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളും പ്രോസസ് ചെയ്ത്, ആദ്യ ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷം ഒഴിവുള്ള സീറ്റുകള്‍ ലഭ്യമാകുമ്പോള്‍ മാത്രമേ ഏതൊരു ട്രെയിനിലും കറന്റ് ബുക്കിംഗ് വിഭാഗത്തില്‍ സീറ്റുകള്‍ ലഭ്യമാകൂ. എസി കോച്ചുകളിലെ സീറ്റുകള്‍ ഓട്ടോ അപ്ഗ്രേഡുകള്‍ വഴി നികത്തുന്നതിന് മുന്‍ഗണന നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചതോടെ, എസി കോച്ചുകളില്‍ അത്തരം സിബി ഒഴിവുകള്‍ ലഭ്യമാകാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കറന്റ് ബുക്കിംഗ് സൌകര്യം സ്ലീപ്പര്‍ ക്ലാസ്, സെക്കന്‍ഡ് സിറ്റിംഗ് (2S) കോച്ചുകള്‍ക്ക് തുടര്‍ന്നും ലഭ്യമാകും.
പുതിയ മാറ്റങ്ങളെക്കുറിച്ച് റെയില്‍വേ ബോര്‍ഡ് കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേയെയും മറ്റ് എല്ലാ സോണല്‍ റെയില്‍വേകളെയും അറിയിച്ചു. ഇതനുസരിച്ച് എസി ക്ലാസുകളിലെ എല്ലാ സീറ്റുകളും ബെര്‍ത്തുകളും പരമാവധി നിറയ്ക്കുന്നത് ഉറപ്പാക്കണം. ഈ നീക്കം സ്ലീപ്പര്‍ ക്ലാസ്, സെക്കന്‍ഡ് സിറ്റിംഗിലെ (2S) സ്ഥിരീകരിച്ച തത്കാല്‍ ടിക്കറ്റ് ഉടമകളെ യഥാക്രമം തേര്‍ഡ് ഏസി അല്ലെങ്കില്‍ ചെയര്‍കാര്‍ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
അതേസമയം രണ്ട് ലെവലുകള്‍ വരെ മാത്രമേ അപ്ഗ്രേഡുകള്‍ ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. ഉദാഹരണത്തിന്, സ്ഥിരീകരിച്ച സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുള്ള ഒരു യാത്രക്കാരനെ ലഭ്യത അനുസരിച്ച് തേര്‍ഡ് എസിയിലേക്കും തേര്‍ഡ് എസിയില്‍ നിന്ന് സെക്കന്‍ഡ് എസിയിലേക്കും അപ്ഗ്രേഡ് ചെയ്യാം. എങ്കിലും, ഫസ്റ്റ് എസിയിലേക്കോ എക്‌സിക്യൂട്ടീവ് ക്ലാസിലേക്കോ ഉള്ള അപ്ഗ്രേഡുകള്‍ ഒരു ലെവലിനു താഴെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് സ്ഥിരീകരിച്ച സെക്കന്‍ഡ് എസി ടിക്കറ്റുള്ള ഒരു യാത്രക്കാരനെ ഫസ്റ്റ് എസിയിലേക്ക് അപ്ഗ്രേഡ് ചെയ്യാം, പക്ഷേ തേര്‍ഡ് എസിയില്‍ നിന്ന് കഴിയില്ല. ഓട്ടോ-അപ്ഗ്രേഡ് സൗകര്യം ലഭിക്കുന്നതിന്, യാത്രക്കാര്‍ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയില്‍ ‘ഓട്ടോ അപ്ഗ്രേഡിനായി പരിഗണിക്കുക’ ഓപ്ഷന്‍ തിരഞ്ഞെടുക്കണം.
സ്‌ളീപ്പറില്‍ നിന്ന് തേര്‍ഡ് ഏസിയിലേക്കും തേര്‍ഡ് ഏസിയില്‍ നിന്നും സെക്കന്‍ഡ് ഏസിയിലേക്കുമുള്ള ഓട്ടോ അപ്ഗ്രേഡ് സൗകര്യം 2006-ല്‍ അവതരിപ്പിച്ചിരുന്നു. എങ്കിലും, ഈ സൗകര്യം തങ്ങളുടെ ക്ലാസിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കിയ യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് തത്കാല്‍ നിരക്ക് അല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ നിരക്കും നല്‍കിയവര്‍ക്ക് മാത്രമായിരുന്നു ഇത് ലഭിച്ചിരുന്നത്. നിലവില്‍ മിക്ക എസി സീറ്റുകളും ബെര്‍ത്തുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്യപ്പെടുന്നുവെന്നും എങ്കിലും, ഓഫ്-പീക്ക് സമയങ്ങളില്‍, ഉയര്‍ന്ന എസി സീറ്റ് ലഭ്യതയുള്ള ട്രെയിനുകളില്‍, എസി ഇതര ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് അപ്ഗ്രേഡുകള്‍ ലഭിച്ചേക്കാം എന്നും ദക്ഷിണ റെയില്‍വേയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.