
കൃത്യനിര്‍വഹണത്തിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തിയതില്‍ വിവാദം. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ വി.എസ്. അഞ്ജന കൃഷ്ണ ഐപിഎസിനെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി.
സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയതായിരുന്നു മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണ. ആ സമയത്തായിരുന്നു അജിത്ത് പവാറിന്റെ കോള്‍. ഒരു പ്രാദേശിക എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അദ്ദേഹം സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അജിത് പവാര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്റെ ഔദ്യോഗിക നമ്പരിലേക്ക് വിളിക്കാന്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി.
ഞാന്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നിങ്ങള്‍ക്ക് എന്നെ നേരിട്ട് കാണണമല്ലേ. എങ്കില്‍ എന്റെ നമ്പര്‍ എടുത്ത് വാട്‌സ്ആപ്പ് കോള്‍ ചെയ്യു. നിങ്ങള്‍ക്ക് അത്ര ധൈര്യമുണ്ടോ – അജിത് പവാര്‍ പറയുന്നു. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.