National

സംഭൽ സംഘർഷം; മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ സംഘർഷത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. കേസുമായി ബന്ധപ്പെട്ട് ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ 25 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന 2,750 പേർക്കെതിരെയും കേസെടുത്തു. മസ്ജിദിൽ നടത്തിയ സർവേ റിപ്പോർട്ട് ഈ മാസം 29ന് ജില്ലാ കോടതിയിൽ സമർപ്പിക്കും.

സംഭലിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് മുസ്‌ലിം യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. സംഭൽ എംപി സിയാഉ റഹ്മാൻ ബർഖ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. സംഭൽ താലൂക്കിൽ ഇന്‍റര്‍നെറ്റ് നിരോധനം തുടരുകയാണ്. സ്കൂളുകളും കോളജുകളും ഡിസംബർ 1 വരെ അടച്ചു. ഈ മാസം 30 വരെ സംഭലിലേക്ക് പുറത്തുനിന്നുള്ളവരെയും തടഞ്ഞു. കസ്റ്റഡിയിലെടുത്ത മസ്ജിദ് കമ്മിറ്റി അധ്യക്ഷൻ സഫർ അലിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സുപ്രിം കോടതി ഇടപെട്ട് വിധി പുനഃപരിശോധിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തുടനീളമുള്ള മസ്ജിദുകളെ ലക്ഷ്യമിടുന്നത് ഇനിയും ആവർത്തിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പറഞ്ഞു. പൊലീസിന്‍റെ വെടിയേറ്റല്ല യുവാക്കൾ മരിച്ചതെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസും ജില്ലാ കലക്ടറും. അഭിഭാഷക കമ്മീഷൻ സർവേ റിപ്പോർട്ട് വെള്ളിയാഴ്ച സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട്‌ പരിശോധിച്ച് ശേഷമാകും കോടതിയുടെ തുടർ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button