ചെന്നൈ: അശ്‌ളീല പരാമർശത്തിൽ മന്ത്രി കെ പൊൻമുടിക്കെതിരെ കേസെടുക്കാൻ തമിഴ്‌നാട് സർക്കാറിനോട് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. സർക്കാർ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റേതാണ് നിർദേശം. ലൈംഗിക തൊഴിലാളികളെ കുറിച്ചും ഹിന്ദുമത ചിഹ്നങ്ങളെ കുറിച്ചുമുള്ള മന്ത്രിയുടെ പ്രസംഗം വിവാദമായിരുന്നു.
കനിമൊഴി എംപി ഉൾപ്പടെ പരാമർശത്തെ അപലപിച്ച് രംഗത്തു വരികയും ഡിഎംകെ പാർട്ടി പദവിയിൽ നിന്ന് പൊന്മുടിയെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പാർട്ടി അച്ചടക്ക നടപടി നേരിട്ടതിന് പിന്നാലെ മന്ത്രി മാപ്പ് പറയുകയും ചെയ്തു. പൊന്മുടി മന്ത്രിസ്ഥാനം രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിൽ മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വിവാദമാവുകയും കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു ഉയർന്ന ആരോപണം.