വേടനെതിരായ കേസ്: സർക്കാർ നടപടി തിരുത്താനുള്ള അവസരമായി കണ്ടാൽ മതിയെന്ന് എം വി ഗോവിന്ദൻ

0

റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തെറ്റ് പറ്റിയെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനം വകുപ്പ് സ്റ്റേ നീക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് വനം വകുപ്പാണെന്നും എം വി ഗോവിന്ദന്‍ മറുപടി നല്‍കി. പുലിപ്പല്ല് കേസില്‍ വേടനെതിരായ സമീപനം ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. വേടന്റെ കാര്യത്തില്‍ തിടുക്കപ്പെടാന്‍ കാരണം എന്തെന്ന് പരിശോധിക്കണമെന്നും തെറ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശ പ്രകാരമാണ് നീക്കങ്ങള്‍ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തേക്കും.

വേടന്റെ അറസ്റ്റിലും തുടര്‍ നടപടിക്രമങ്ങളിലെ തിടുക്കവും ചൂണ്ടിക്കാണിച്ച് വനം വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തില്‍ സൂചിപ്പിച്ച വനംമന്ത്രി പിന്നാലെ നിലപാട് മയപ്പെടുത്തുകയുമുണ്ടായി. വേടന്റെ ജാമ്യാപേക്ഷയെയും വനംവകുപ്പ് എതിര്‍ത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here