
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുറ്റക്കാര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടേയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആര് എന്നതില്‍ വിഷയമില്ലെന്നും ഇത് സിപിഐഎമ്മിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘ഒരാളെയും സംരക്ഷിക്കില്ല. ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരാള്‍ക്ക് വേണ്ടിയും അര വര്‍ത്തമാനം പറയില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഇത് സുവര്‍ണാവസരം അല്ല. ബിജെപി ഏറ്റവും പിന്നോട്ട് പോകുന്ന കാലം ആയിരിക്കും ഇത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.
ഹൈക്കോടതിയുടെ കീഴിലുള്ള എസ്‌ഐടിയെ തള്ളിപ്പറയുന്നത് ബിജെപിക്ക് അവര്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് നേതാവാണെന്നും കേരളത്തിലെ മറ്റ് നേതാക്കളെല്ലാം രാഷ്ട്രീയത്തിലൂടെ വന്നവരാണെന്നും വലിയ അഴിമതിയാണ് കര്‍ണാടകത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘യുഡിഎഫിന്റെ ആശയരൂപീകരണത്തിന്റെ തലപ്പത്ത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണ് അവര്‍. ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന നാട് കേരളമാണ്. വര്‍ഗീയ ശക്തികളെ നേരിടാനുള്ള കരുത്ത് കേരളത്തിനുണ്ട്. എല്‍ഡിഎഫ് വ്യക്തമായ കാഴ്ചപ്പാടോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.




