Blog

പാചകവാതക ക്ഷാമം: കേരളത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; ഹോട്ടലുകൾക്ക് ബദൽ ഇന്ധനം ഉപയോഗിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണം വന്നപ്പോൾ കേരളത്തിൽ പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുകൾ വന്നതായും മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേർത്തുവെന്നും മന്ത്രി ജി ആർ അനിൽ. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്നാണ് പൊതുമേഖല എണ്ണ കമ്പനികൾ പറയുന്നത്. ഇന്നുമുതൽ ബുക്കിങ്ങിനെ സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിനായി മുൻഗണന പട്ടികകൾ തയ്യാറാക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടൻ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറൻറ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.

പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും

അതേസമയം ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകൾ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. കൊച്ചിയിലടക്കം തട്ടുകടകളൂം പൂർണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകൾ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിൻറെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും. മധുരമില്ലാത്ത ചായയും കോഫിയും ചില കടകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെംഗളുരുവിലെ ആയിരക്കണക്കിന് പിജികൾ പലതും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. വീട്ടു സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്രം വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തിൽ ഉറപ്പൊന്നും നൽകാതായതോടെ ആണ് രാജ്യത്തെ നൂറു കണക്കിന് ഹോട്ടലുകൾ അടച്ചത്. വാണിജ്യ സിലിണ്ടർ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇന്നലെ അറിയിച്ചെങ്കിലും നേരത്തെ നൽകിയിരുന്നതിന്റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക. ആഭ്യന്തര എൽപിജി ഉത്പാദനം 25% കൂട്ടി എന്ന് സർക്കാർ പറയുമ്പോഴും പ്രശ്ന പരിഹാരം ആയിട്ടില്ല. പരിഭ്രാന്തി പരത്തുന്നത് ഒഴിവാക്കണം എന്നാവർത്തിക്കുന്ന കേന്ദ്രം കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പല സ്ഥലങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി സിലിണ്ടർ കിട്ടാൻ വരിനിൽക്കുകയാണ്.

കേരളത്തിൽ നാൽപതു ശതമാനം ഹോട്ടലുകൾ പൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന പറയുന്നു. പ്രവർത്തിക്കുന്നവ മെനു വെട്ടിച്ചുരുക്കി. പ്രതിസന്ധിയെ തുടർന്ന് വയനാട്ടിൽ പത്തിലേറെ ഹോട്ടലുകൾ അടച്ച് പൂട്ടിയെന്ന് ഉടമകൾ പറയുന്നു. കൂടുതൽ പാചകവാതകം ആവശ്യമായ വിഭവങ്ങൾ ഒഴിവാക്കിയാണ് നിലവിലെ ഹോട്ടലുകളുടെ നടത്തിപ്പ്. സമയ ക്രമീകരണം നടപ്പാക്കാൻ ആലോചിക്കുകയാണെന്നും ഹോട്ടൽ ഉടമകളുടെ സംഘടന പറഞ്ഞു. പുതിയ ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ഇടവേള ഗ്രാമീണ മേഖലകളിൽ 45 ദിവസമാക്കി. കേരളത്തിൽ പകുതി എൽപിജി കണക്ഷനും ഗ്രാമീണ മേഖലയിൽ ആണ്. നഗരങ്ങളിൽ ബുക്കിങ് ഇടവേള നേരത്തെ തന്നെ 25 ദിവസമാക്കി വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടർ ബുക്കിങ് സാധ്യമാവുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഒരേസമയം നിരവധി പേർ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് കാരണം സർവറുകൾ തകരാറിലാകുന്നതാണ് പ്രശ്നമെന്ന് ഏജൻസികൾ വിശദീകരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button