KeralaNews

CPIM മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി: പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി

പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണന് ഭീഷണി. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി. വി ആർ രാമകൃഷ്ണനും, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്.

ഏറെ കാലമായി പാർട്ടി പ്രവർത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്നു രാമകൃഷ്ണൻ. പാർട്ടിയിൽ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് രാമകൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായത്. പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ജംഷീറിന്റെ ഭീഷണി ഉണ്ടായത്. ആര് വന്ന് പറഞ്ഞാലും സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറില്ലെന്ന് വി ആർ രാമകൃഷ്ണൻ ഫോൺ സംഭാഷണത്തിൽ പറയുമ്പോൾ ഞങ്ങൾക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടി വരുമെന്ന് ജംഷീർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇപ്പോൾ സ്നേഹത്തോടെയാണ് സംസാരിക്കുന്നതെന്നും ഇനി അത് പറ്റില്ലെന്നും ജംഷീർ പറയുന്നുണ്ട്. നിങ്ങൾ എന്താണ് ചെയ്യാൻ ഉദേശിക്കുന്നതെന്ന് രാമകൃഷ്ണൻ ചോദിക്കുമ്പോൾ തട്ടിക്കളയുമെന്ന് ജംഷീർ മറുപടി നൽകുന്നതും ഫോൺ സംഭാഷണത്തിൽ ഉണ്ട്.

അട്ടപ്പാടി തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഐഎം. എന്നാൽ ഇതിനിടെയാണ് വിആർ രമാകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രം​ഗത്തേക്കെത്തുന്നത്. ഇതാണ് പ്രകോപനത്തിന് കാരണമായത്. പൊതുപ്രവർത്തന രം​ഗത്ത് 42 വർഷമായി സജീവ പ്രവർത്തകനാണ് രാമകൃഷ്ണൻ. ഇതിനിടെയാണ് പാർട്ടിക്കെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി വിആർ രാമകൃഷ്ണൻ നിൽക്കാൻ തീരുമാനിച്ചത്.

രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിൽ അനുനയ ശ്രമങ്ങൾ നടന്നുവരികയായിരുന്നു. പിന്നാലെയാണ് സിപിഐഎമ്മിന്റെ ലോക്കൽ സെക്രട്ടറിയുടെ ഭാ​ഗത്ത് നിന്ന് ഭീഷണി ഉയർന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഉറച്ച നിലപാടുമായി മുന്നോട്ടു പോകുമെന്നും ഭീഷണിയെ വകവെക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button