തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.
പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിങ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കുംവരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആന്റി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.




