തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ പരിശോധിക്കും; തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുമെന്ന് ടി പി രാമകൃഷ്ണന്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ആവശ്യമായിടങ്ങളില്‍ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും, ജനവിധി മാനിച്ചുകൊണ്ടായിരിക്കും ഭാവി പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൂര്‍ണമായ തോല്‍വി നേരിട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും, മാധ്യമങ്ങള്‍ പറയുന്നതുപോലെ കപ്പല്‍ മുങ്ങിയിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ അധികാര തുടര്‍ച്ചയെ നിഷേധിക്കുന്ന തരത്തിലുള്ള ജനവിധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നത് തോല്‍വിയെന്ന നിലയില്‍ തന്നെ കാണുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ആഴത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിന് പിന്നാലെ അവസരവാദപരമായ നിലപാട് എല്‍ഡിഎഫ് സ്വീകരിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ രൂപീകരണത്തില്‍ ജനവിധി പൂര്‍ണമായി മാനിച്ചുള്ള സമീപനമേ സ്വീകരിക്കുകയുള്ളുവെന്നും, ജനവിധിയെ മാനിച്ചുകൊണ്ടുള്ള തീരുമാനങ്ങളായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.



